Wednesday, February 24, 2010

ചരിത്രവും സാംസ്കാരികവും



ചരിത്ര വഴികളിലൂടെ....

അല്‍ ബിദ്-യ, യു.എ.ഇ യുടെ വടക്കന്‍ പ്രദേശമായ ഫുജൈറയിലെ ചരിത്രം ഉറങ്ങുന്ന ചെറിയൊരു ഗ്രാമം. ഈ ഗ്രാമത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി യു.എ.ഇ യുടെ സാംസ്‌കാരിക ചരിത്രത്തിന് ബലമേകുന്ന ഒട്ടനവധി രേഖകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ രേഖളുടെ ശാസ്ത്രീയ പഠനം വെളിവാക്കുന്നത് ഏകദേശം 4000 വര്‍ഷങ്ങള്‍ മുമ്പുവരെ ഗ്രാമത്തില്‍ നില നിന്നിരുന്ന സാമൂഹിക പാശ്ചാത്തല സംവിധാനങ്ങളാണ്. അതുപോലെ തന്നെ കണ്ടെടുക്കപ്പെട്ട ചില പുരാവസ്തുക്കള്‍ BC 1000-ല്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നവയാണെന്നും അനുമാനിക്കപ്പെടുന്നു.

ഭൂപ്രകൃതിയുടെ സവിശേഷതകളും, അനുയോജ്യമായ കാലാവസ്ഥയും ഈ ഗ്രാമത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. അത് തന്നെയാകാം അറബിക്കടലിന്‍റെ തീരദേശമായ ഈ പ്രദേശം പണ്ടുമുതല്‍ക്കെ വിദേശികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നതും മാത്രമല്ല ഒരിക്കല്‍ ഈ ഗ്രാമം പോര്‍ച്ചുഗ്വീസുകാരുടെ കീഴിലായിരുന്നതും. അറബിക്കടലിന്‍റെ സാമീപ്യവും, ഇടപിണഞ്ഞ് കിടക്കുന്ന മലയിടുക്കുകളും ഇതര കൃഷിയിടങ്ങളും, വൈവിധ്യമാര്‍ന്ന ഈന്തപ്പന തോട്ടങ്ങളും ഈ ഗ്രാമത്തിന്‍റെ നിലവിലുള്ള സവിശേഷതകളില്‍ ചിലതുമാത്രം. പുരാതന കലംമുതല്‍ക്കെ മല്‍സ്യ ബന്ധനവും, കൃഷിയും ആയിരുന്നു ഗ്രാമവാസികളുടെ ജീവിതമാര്‍ഗം.

ചരിത്രം ഉറങ്ങുന്ന ഈ ഗ്രാമത്തില്‍ ഇന്നും ജീവിക്കുന്ന ചരിത്ര സത്യമാണ് അല്‍ ബിദ്-യ മസ്ജിദ്‌ അഥവാ ഒട്ടോമന്‍ മസ്ജിദ്‌ എന്നറിയപെടുന്ന ഇസ്ലാമിക ആരാധനാലയം. ചരിത്രപരമായ പ്രാധാന്യവും, നിര്‍മാണത്തിലെ വൈവിധ്യതയും, വെത്യസ്തമായ രൂപകല്‍പനയും ഒത്തിരിയേറെ സ്വദേശികളെയും വിദേശികളെയും ഈ ആരാധനാലയത്തിലേക്ക് ദിവസവും സന്ദര്‍ശകരായി എത്തിക്കുന്നു. മസ്ജിദിന്‍റെ അവശിഷ്ടങ്ങള്‍ റേഡിയോ കാര്‍ബണ്‍ അനാലിസിസ്‌ മുഖേന പഠന വിധേയമാക്കിയതില്‍ നിന്നും മസ്ജിദ്‌ AD 1446-ലോ അതിനു മുമ്പോ നിര്‍മ്മിക്കപ്പെട്ടതെന്നാണ് അനുമാനം.

അല്‍ ബിദ്-യ മസ്ജിദിനെ മറ്റ് പുരാതന ഇസ്ലാമിക ആരാധനാലയങ്ങളില്‍ നിന്നും വെത്യസ്തമാക്കുന്ന ഘടകം അതിന്‍റെ വേറിട്ട നിര്‍മാണ രീതി തന്നെയാണ്. മസ്ജിദിനു മുകളിലായി കാണുന്ന നാലു മിനാരങ്ങളെ ഉള്ളില്‍നിന്നു ബന്ധിപ്പിക്കുന്ന മധ്യഭാഗത്തുള്ള പില്ലര്‍ ആശ്ചര്യം ഉളവാക്കുന്ന കാഴ്ചയാണ്. ഈ മേഖലയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള പുരാതന ഇസ്ലാമിക ആരാധനാലയങ്ങളില്‍ ഇത്തരം ഒരു നിര്‍മാണ രീതി യു.എ.ഇ-ലോ, സമീപ പ്രദേശങ്ങളിലോ ഇതുവരെ കണ്ടെത്താനായിട്ടില്ല, മണ്‍കട്ടകളും കല്ലുകളും കൂട്ടിയോജിപ്പിച്ച് അതിന് മുകളിലായി ചുണ്ണാമ്പും മണലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം പല തട്ടുകളായി പ്ലാസ്റ്റര്‍ ചെയ്താണ് മസ്ജിദിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മസ്ജിദിന് ഉള്ളിലായി നിര്‍മിച്ചിരിക്കുന്ന ചെറിയ മിമ്പറും മിഹ്റാബും സൂചിപ്പിക്കുന്നത് വെള്ളിയാഴ്ചകളിലെ ജുമാ നമസ്ക്കാരത്തിന് അനുയോജ്യമായ രീതിയിലാണ് മസ്ജിദിന്‍റെ നിര്‍മ്മാണമെന്നാണ്. കുടിവെള്ളത്തിനായും, വുള് കര്‍മ്മം ചെയ്യുന്നതിനുള്ള വെള്ളം ശേഖരിക്കുന്നതിനായും ഒരു കിണര്‍ മസ്ജിദിന് സമീപത്തായി നിര്‍മിച്ചിരിക്കുന്നു. സംരക്ഷിക്കപെട്ടിട്ടുള്ള ആ കിണര്‍ ഇന്നും ജല സാന്ദ്രമായി നിലനില്‍ക്കുന്നു.

ഏകദേശം 560-ല്‍ പരം വര്‍ഷം പഴക്കമുള്ള മസ്ജിദിനെ കാലം ഏല്‍പ്പിച്ച ക്ഷതങ്ങള്‍ മസ്ജിദിന്‍റെ നിലനില്പിന് തന്നെ ഭീഷണിയായി വളര്‍ന്നു. ഈ സാഹചര്യത്തില്‍ ജീവിക്കുന്ന ഈ ചരിത്ര-സാംസ്‌കാരിക സാക്ഷിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അധികാരികള്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ദുബായ് മുനിസിപ്പാലിറ്റിയും ഫുജൈറ ഹെറിറ്റേജ്‌ & ആര്‍ക്കിയോളജി വിഭാഗവും ചേര്‍ന്ന് തനിമ നഷ്ട്ടപെടാതെ പുനരുദ്ധരിച്ച മസ്ജിദ്‌ ഹിജ്റ 1424, മുഹറം 10ന് (13th March 2003) ഹിസ്‌ ഹൈനസ് ഷെയ്ഖ്‌ ഹമാദ് ബിന്‍ മുഹമ്മദ്‌ അല്‍ ശാര്‍ക്കിയുടെ (സുപ്രീം കൗണ്‍സില്‍ മെമ്പര്‍, ഫുജൈറ ഭരണാധികാരി) കാര്‍മികത്വത്തില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

യു.എ.ഇ-യില്‍‍ വന്നു പോകുന്നവരും, താമസിക്കുന്നവരും സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് അല്‍ ബിദ്-യ മസ്ജിദ്‌ അഥവാ ഒട്ടോമന്‍ മസ്ജിദ്‌. ദുബൈയില്‍ നിന്നും അല്‍ ബിദ്-യയില്‍ എത്തുവാന്‍ ഏകദേശം 160KM ദൂരവും ഒന്നര രണ്ടു മണിക്കൂര്‍ ഡ്രൈവിംഗ് സമയവും ആവശ്യമാണ്. അല്‍ ബിദ്-യ ഗ്രാമത്തിന് സമീപമായാണ് ഷാര്‍ജയിലെ പ്രശ്തമായ ഖോര്‍ഫക്കാന്‍ കടല്‍ തീരം.


ദുബായില്‍ നിന്ന് റോഡ്‌ മാര്‍ഗം.

ദുബായ് -> ഷാര്‍ജ -> ദായിദ്‌ -> ഖോര്‍ഫക്കാന്‍ -> അല്‍ ബിദ്-യ

ദൂരം: 160 കിലോമീറ്റര്‍

അടുത്തുള്ള ഭക്ഷണശാലകള്‍: KFC, PIZZA Hut, Arabic, Iranian and Indian Restaurants

*****************

മസ്ജിദിന് അകത്തെ ചില കാഴ്ച്ചകള്‍


മധ്യഭാഗത്തെ പില്ലര്‍




മസ്ജിദിന്‍റെ അകകാഴ്ചകള്‍



മസ്ജിദിന്‍റെ അകകാഴ്ചകള്‍



മസ്ജിദിനു പിറകിലുള്ള മലമുകളില്‍നിന്നുള്ള കാഴ്ച



മുന്‍വശത്ത് നിന്നൊരു കാഴ്ച




മലമുകളില്‍ നിന്നൊരു ദൂരകാഴ്ച





കിണര്‍



മസ്ജിദിനു സമീപമുള്ള ചില കൃഷിതോട്ടങ്ങളിലെ കാഴ്ചകള്‍



















ദയവായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപെടുത്തുക.